Close

MALAYALAM MISSION

ABOUT MALAYALAM MISSION

കേരള സർക്കാർ സാംസ്കാരിക വകുപ്പ്മ ലയാളം മിഷൻ കർണാടക ഘടകം

*****************************

മലയാളം അറിയുമ്പോഴാണ് മലയാളി എന്ന വാക്കിന്റെ അർഥം പൂർണമാകുന്നത്. കേരളത്തിനു പുറത്ത് ജനിച്ചുവളരുന്ന പുതിയ തലമുറയ്ക്ക് മാതൃഭാഷാ പഠനത്തിനുള്ള അവസരമൊരുക്കുന്ന പദ്ധതിയാണ് കേരള സർക്കാരിന്റെ മലയാളം മിഷൻ. 2009 ൽ ആരംഭിച്ച ഈ ദൗത്യം 2011 ലാണ് കർണാടകയിൽ പ്രവർത്തനം തുടങ്ങിയത്.

പ്രവാസി മലയാളികൾക്കായി ഒരു ഭാഷാ പഠന പദ്ധതി ആവിഷ്കരിക്കുമ്പോൾ വെറും ഭാഷാ പഠനം മാത്രമല്ല സാംസ്കാരിക വകുപ്പിന്റെ ഭാഗമായ മലയാളം മിഷൻ ഉദ്ദേശിച്ചത്. കേരള സമൂഹവും സംസ്കാരവുമായി പ്രവാസികളുടെ പുതുതലമുറയെ ബന്ധിപ്പിച്ചു നിർത്തുക എന്നതു കൂടിയാണ്. കേരളത്തിന്റെ വികസനത്തിൽ നെടുംതൂണായി മാറിയ പ്രവാസി സമൂഹത്തിന് നമ്മുടെ നാട് തിരിച്ചു നൽകുന്ന സ്നേഹവും അംഗീകാരവും കൂടിയാണ് അത്.

ലോക ചരിത്രവുമായി പുരാതനകാലം മുതൽക്കുതന്നെ ബന്ധപ്പെട്ടുകിടക്കുന്ന സവിശേഷ സംസ്കാരമാണ് കേരളത്തിന്റേത് ലോക ഭാഷകളിലും സാഹിത്യത്തിലും സുപ്രധാനമായ ഒരു സ്ഥാനം മലയാളം കൈവരിച്ചിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യയുമായി കൈകോർത്തുകൊണ്ട് ഓൺലൈൻ ആശയവിനിമയരംഗത്തും മലയാളികൾ ഇന്ന് മലയാള ഭാഷയിലൂടെ തന്നെ സംവദിക്കുന്നു. ഭാരതത്തിലെ 5 ശ്രേഷ്ഠ ഭാഷകളിൽ ഒന്നായി മലയാളം, സോഷ്യൽ മീഡിയയിൽ ആശയവിനിമയത്തിന് ഉപയോഗിക്കപ്പെടുന്ന ഭാഷകളിൽ അഞ്ചാം സ്ഥാനം അലങ്കരിക്കുന്നു, ആഗോള ഭാഷ എന്ന നിലയിൽ ഇംഗ്ലീഷ് നമ്മുടെ പഠന, തൊഴിൽമേഖലകളിൽ ഒഴിവാക്കാനാവാത്ത ഘടകമായി കഴിഞ്ഞിരിക്കുന്നു എങ്കിലും മാതൃഭാഷ എന്ന നിലയിലുള്ള അംഗീകാരവും നിലനിൽപ്പും ഓരോ പ്രാദേശിക ഭാഷകൾക്കും നൽകേണ്ടതുണ്ട് .കാരണം അതിലൂടെ മാത്രമേ വ്യക്തിത്വത്തിന്റെയും, സംസ്കാരത്തിന്റെയും വികസനം തലമുറകൾ വഴി കൈമാറ്റം ചെയ്യപ്പെടുകയുള്ളൂ, അതിനാൽ കന്നടഭാഷ അടക്കമുള്ള മറ്റ് പ്രാദേശിക ഭാഷാപഠന സംരംഭങ്ങളോടും മലയാളം മിഷൻ സഹകരിക്കുന്നു.

ബാംഗ്ലൂരിലെ ജനസമൂഹത്തിൽ ഒരു പ്രമുഖ വിഭാഗമായി മലയാളികൾ വളർന്നു കഴിഞ്ഞിരിക്കുന്നു. കേരളവുമായി ഏറ്റവും അടുത്തുകിടക്കുന്ന പ്രവാസി സമൂഹം എന്ന നിലയിൽ ഭാഷയും സംസ്കാരവും ആയുള്ള പരസ്പര വിനിമയങ്ങൾ ഫലപ്രദമായി നടത്താൻ നമുക്ക് സാധിക്കും. ഈ ലക്ഷ്യവുമായിട്ടാണ് 2011 മുതൽ മലയാളം മിഷൻ ഇവിടെ ക്ലാസുകൾ നടത്തി വരുന്നത്. 2017 ഏപ്രിൽ മാസത്തിൽ നടന്ന മലയാളം മിഷൻ വിപുലീകരണ യോഗം, പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുന്ന പല പരിപാടികളും ആസൂത്രണം ചെയ്യുകയുണ്ടായി. മലയാളം മിഷൻ ഡയറക്ടർ ശ്രീമതി സുജ സൂസൻ ജോർജിന്റെ നേതൃത്വത്തിൽ കോഡിനേറ്റർ ശ്രീമതി ബിലു സി നാരായണൻ, പ്രസിഡണ്ട് ശ്രീ കെ ദാമോദരൻ, സെക്രട്ടറി ശ്രീ ടോമി ആലുങ്കൽ, ഓർഗനൈസിംഗ് സെക്രട്ടറി ശ്രീ ജയ്സൺ ലൂക്കോസ്, തുടങ്ങി 360 ഓളം അധ്യാപകരും, അഞ്ഞൂറോളം കോഡിനേറ്റർമാരും, ആറായിരത്തോളം കുട്ടികളും, ഈ മിഷന്റെ ഭാഗമായി കഴിഞ്ഞു.ഇനിയും ക്ലാസുകൾ തുടങ്ങിയിട്ടില്ലാത്ത പ്രദേശങ്ങളിലേക്ക് സന്നദ്ധസംഘടനകൾ, സ്കൂളുകൾ, താല്പര്യമുള്ള വ്യക്തികൾ, തുടങ്ങിയവരുടെ സഹായത്തോടെ നമുക്ക് മലയാളം മിഷൻ പ്രവർത്തനങ്ങൾ എത്തിക്കേണ്ടതുണ്ട്. ഭാഷയെയും സാഹിത്യത്തെയും കേവല ഗൃഹാതുരത്വത്തിന്റെ പുറംമോടി മാത്രം ആക്കാതെ സമകാലിക ജീവിതവുമായി ബന്ധിച്ചു കൊണ്ടുള്ള ഒരു സാംസ്കാരിക ഇടപെടലാണ് മലയാളം മിഷൻ ലക്‌ഷ്യം വെക്കുന്നത്

നമ്മുടെ ഇടവകയിലും വികാരി ഫാദർ റോയ് വട്ടക്കുന്നേലിന്റെ ആശീർവാദത്തോടെ, ശ്രീമതി ആലീസ്, ശ്രീമതി ബെസ്റ്റി, ശ്രീമതി നൈസി, ശ്രീമതി സി ജി എന്നിവരുടെ നേതൃത്വത്തിൽ മലയാളം ക്ലാസുകൾ നടക്കുന്നു. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ നാലു കോഴ്സുകളിലൂടെ മിഷൻ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് പത്താം ക്ലാസ് തുല്യതാ സർട്ടിഫിക്കറ്റോടുകൂടിയുള്ള അംഗീകാരമാണ് കേരള ഗവൺമെന്റ് നൽകുന്നത്. കൂടാതെ പഠനത്തിനാവശ്യമായ ബുക്കുകളും, മനോഹരമായ ഒരു ലൈബ്രറിയും ഗവൺമെന്റ് സൗജന്യമായി നൽകുന്നു, എല്ലാ കർണാടക മലയാളികളുടെയും പുതുതലമുറയെ മലയാളം അറിയുന്നവർ ആക്കി മാറ്റുക എന്ന വിപുലമായ ഈ ലക്ഷ്യം കൈവരിക്കുന്നതിനായി എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു, അഭ്യർത്ഥിക്കുന്നു.

LOCKDOWN ACTIVITIES

Church Services